കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2013, ഏപ്രിൽ 19, വെള്ളിയാഴ്‌ച

രണ്ടു ആത്മാക്കളുടെ സമാഗമം

രണ്ടു ആത്മാക്കളുടെ സമാഗമം  - മലയാളകവിതകള്‍

കാടിന്റെ ആത്മാവൊരിക്കല്‍
പുഴയുടെയാത്മാവിനെ കണ്ടപ്പോള്‍
വിതുമ്പലോടെ ...
എന്തൊരഴകായിരുന്നു നിനക്കന്നു !
മാരിവില്ലിന്‍ ഏഴയകോടെ
കെട്ടിലും മട്ടിലും നയനാനന്ദകര
സ്ത്രൈണ ഭാവ പ്രൌഡികളോടെ ...
ചുംബിക്കാന്‍ കുനിഞ്ഞടുക്കും ചെടികളോടു
കിന്നാരം പറഞ്ഞും,
കൊഞ്ചി കുഴഞ്ഞും ,പാറക്കെട്ടുകളോടു
കലപില കൂട്ടി
മുത്തു മണികള്‍ ചിതറിക്കൊണ്ട് ,
എന്റെ വിരിമാറിലൂടെ നീ
വളഞ്ഞു പുളഞൊഴുകിയത്
ഓര്‍മകളുടെ ശാദ്വല തീരങ്ങളിലേക്ക് ...
ഒടുവില്‍,രോഗഗ്രസ്ഥയായ നിന്റെ
കളിചിരികളും കൊഞ്ചികുഴച്ചിലുകളും
പോയ്‌ മറഞ്ഞു ദൂരെയെങ്ങോ !
പിന്നെ ഒരു ഒരു കണ്ണീര്‍ച്ചാലായ്
സ്മൃതി പഥങ്ങളിലേക്ക് ഒഴുകിയപ്പോള്‍
വറ്റിയതെന്റെ ജീവരക്തമായിരുന്നു !
എന്റെ ഓജ്ജസ്സും തേജ്ജസ്സുമായിരുന്ന
നിന്‍ വിയോഗത്താല്‍
മഞ്ഞപ്പിത്തം ബാധിച്ച
ഇലകളെല്ലാം മരിച്ചു വീണു !
പിന്നെ ഞാന്‍ മനുഷ്യ കരങ്ങളാല്‍
ബാലാല്‍ക്കാരം ചെയ്യപ്പെടുകയായിരുന്നു ...
പുഴയുടെയാത്മാവും
ഓര്‍മയുടെ നിധികുംമ്പങ്ങളില്‍ നിന്നു
ആ നല്ല നാളുകള്‍ ചികഞ്ഞെടുത്തു:
അന്നു നിന്റെ ഹൃദയത്തിലൂടെ ഞാനോഴുകുമ്പോള്‍
ഇരു കരകളിലുമായി
ചെടികളെക്കൊണ്ടു നീ പുഷ്പവൃഷ്ടി നടത്തിച്ചു !
കിളികളുടെ കളിയാക്കിപ്പാട്ടുകള്‍ കേട്ടു
നാണം കുണുങ്ങിയ നവ വധുവായ്‌
സ്വപ്നത്തിലെന്നവണ്ണം ഞാനൊഴുകി !
യമപുരിയിലേക്കയാക്കാനുള്ള
രഹസ്യചര്‍ച്ചകള്‍ ഞാനറിഞ്ഞിരുന്നില്ല ...
ഒടുവില്‍, നിന്നെപ്പോലെ ഞാനും
മനുഷ്യ കരങ്ങളാല്‍
പിച്ചിചീന്തപ്പെട്ടു...
അപ്പോളും,കാടിന്റെയും പുഴയുടേയും
ദ്രവിച്ച അസ്ഥിശകലങ്ങള്‍ക്കു മീതെ
മന്തബുദ്ധികളും നപുംസകങ്ങളുമായ
കോണ്‍ക്രീറ്റ് കാടുകള്‍
വെറുതെയുണ്ടായിക്കൊണ്ടിരുന്നു ...
ഇതൊന്നുമറിയാതെ ദിനരാത്രങ്ങള്‍
മഴയില്‍ കുളിച്ചും വെയിലില്‍ വിയര്‍ത്തും
കടന്നു പോയ്‌ കൊണ്ടിരുന്നു ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...