കുങ്കുമസന്ധ്യകള്‍

Pagerank
Powered By Blogger

2014, ജൂൺ 11, ബുധനാഴ്‌ച

മകളേ..ഉണരേണ്ട നീ

മകളേ ...
നുണയുകെൻ 
നെഞ്ചിലെ തീർത്ഥം.
മയങ്ങുകെൻ ഹൃദയച്ചൂടിൽ.
വർണ്ണക്കിനാക്കണ്ടിടയ്ക്കിടെ 
മോണ കാട്ടിച്ചിരിക്കുക

മകളേ ...
ഇരുൾ പെറ്റുകൂട്ടിയ 
നിഴലുകളെന്നിലുറഞ്ഞു തുള്ളി 
തിമിർത്താടിയതാണു
നിന്റെയീ ഹതജന്മം !

മകളേ ...
ആധിപത്യത്തിന്നിരുൾവനങ്ങളിൽ 
തനിച്ചു മേവേണ്ടവൾ നീ. 
തുറിച്ചുനോട്ടങ്ങളിൽ 
വിവസ്ത്രയാക്കപ്പെടുന്ന 
പെണ്ണുടൽ നീ .
വിഴുപ്പലക്കാൻ മാത്രമായൊരു ജന്മം 
തീറെഴുതി കിട്ടിയവൾ  നീ 

മകളേ ...
ഇനിയുണരേണ്ട നീ !
അറിയേണ്ട നീ 
ഉണർവിലെ
അവിരാമമാം 
കനൽപെയ്ത്തുകൾ .
അമർത്തട്ടേ
ഈ പൊന്മുഖമെൻ  മാറിൽ .
ഇനിയുറങ്ങുക,
ഭയപ്പെടാതെന്നേക്കുമായ്!
ഒറ്റയ്ക്കല്ല നീയോമനേ
വരുന്നമ്മയും കൂടെ ...

പിറ്റേ ദിവസത്തെ 
ദിനപത്രത്തിലെ 
അവസാന പേജിലൊരു വാർത്ത:
'കുഞ്ഞിനെക്കൊന്നൊരമ്മ
സ്വയം ജീവനൊടുക്കി '

2 അഭിപ്രായങ്ങൾ:

  1. ഹൃദയസ്പര്‍ശിയായ കവിത
    ഇന്നിന്‍റെ വേവലാതികള്‍
    നന്നായിരിക്കുന്നു വരികള്‍
    "വരുന്നമ്മയും കൂടെ......"എന്നതോടെ അവസാനിപ്പിച്ചെങ്കില്‍........എന്നാണ് എന്‍റെ അഭിപ്രായം..........
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. nandi sir...nammukidayle oru apradhana vartha ennu kaanikkaan vendiyaanu sir avasana varikal....enkilum sir uddeshicha poleyum aavaam.thanks

    മറുപടിഇല്ലാതാക്കൂ

പ്രചോദനത്തിനായി എന്തെങ്കിലും രണ്ടു വാക്ക് പറയണേ...